സ്നേഹത്തിന്റെ കാനേഷുമാരി ചോദിച്ചവനോട്
പുച്ഛമായിരുന്നു എനിക്ക്
വിശക്കുമ്പോള്‍ അന്നം തന്നവനോടും വെറുപ്പായിരുന്നു
ഇഷ്ടംകൂടി അടുത്തുവന്നവര്‍ പഴുതാരയെ പോല്‍ -
രക്തം ഊറ്റിക്കുടിച്ചത് ചരിത്രം!
വാക്കുകളെ ചേര്‍ത്തുവെച്ച നെഞ്ചിലാണവന്‍-
ആഴത്തില്‍ കുത്തിയത്
ചോരയോട്ടം നിലച്ചിട്ടില്ല ഇന്നും
ആകാശത്തിനു പോലും ചുവപ്പ് നിറം!
കൌമാരപ്രണയത്തിന്റെ പലനിറമുള്ള മലഞ്ചെരുവിലൂടെ
ഒരുകൂട്ടം പക്ഷികള്‍ പറന്നകലുന്നു
മരിച്ചുപോയ പ്രണയത്തിന്റെ കാറ്റ്-
ഇടവഴിയില്‍ എന്നെ ഭയപ്പെടുത്തുന്നു
ഓര്‍മ്മ മരിച്ച സായാഹ്നത്തില്‍ ഇനിയെന്തു ചെയ്യണം?
ഈറന്‍ വസ്ത്രങ്ങളോടെ ദേവാലയമുറ്റത്തിരുന്നു-
ദൈവത്തെ വിളിക്കണോ..
അതോ,
വഴിപാടിനുള്ള രസീതുകാരനോട് ഇറച്ചി ചോദിക്കണോ..?